Pages

Subscribe:

Just a test caption

Monday, March 19, 2012

പറയാതെ ഒരു യാത്ര

അന്ന് അവളുടെ ജന്മദിനമായിരുന്നു. പക്ഷേ അതിന്റെ സന്തോഷമൊന്നും അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നില്ല. തന്റെ ആത്മസുഹൃത്തിന്റെ അകാല വിയോഗവ്യഥയിൽ കുളിക്കാതെ, പാറിപ്പറന്ന അവളുടെ തലമുടി ഒന്നൊതുക്കിപോലും വെക്കാതെ, ബെഡ്ഡിൽ നിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കാതെ അവൾ തേങ്ങിക്കൊണ്ടിരുന്നു. ജന്മദിന സമ്മാനമായി അമ്മനൽകിയ മേശപ്പുറത്ത് അവളുടെ കരസ്പർശം കാത്തിരിക്കുന്നു. അന്നു ധരിക്കേണ്ട പുതുവസ്ത്രമാണ്, ആ സമയത്തും അവളുടെ മനസ്സ് അനഘയുടെ സമീപത്തായിരുന്നു.

"എന്താ അനൂ നീയിങ്ങനെ...? എല്ലാരും സമ്മാനം തരാൻ നിന്നെ അന്വേഷിക്ക്ണൂ... നീയിങ്ങനെ കിടന്നാലെങ്ങനെയാ..?" അമ്മ അവളെ കുലുക്കി വിളിച്ചു.

" പോ എനിക്കാരെയും കാണണ്ട.. എന്റെ അനഘ മരിച്ചിട്ട് എട്ടീസം കഴിഞ്ഞില്ല. എനിക്കൊരു ബർത്തഡേം വേണ്ട. നിങ്ങളോടാരാ പറഞ്ഞത് ബർത്ത്ഡേ പാർട്ടിയുണ്ടാക്കാൻ...?" തന്റെ ആത്മമിത്രം വിടപറഞ്ഞതിന്റെ ആഘാതം മാറുംമുമ്പ് തനിക്കായി ആഘോഷമുണ്ടാക്കിയവരോട് അവൾക്കു നീരസം തോന്നി.

"നീയിത് തുറന്നില്ലേ...? അച്ഛൻ ദുബായീന്ന് കൊടുത്തയച്ചതായിത്.."

അവർ ദേഷ്യത്തോടെ മേശപ്പുറത്തിരുന്ന ചുരിദാർ എടുത്തു. അവളതിനു മറുപടി പറഞ്ഞില്ല. പണത്തിന്റെ അളവിൽ ചങ്ങാത്തത്തിനു വിലയിടുന്നവരോട് എന്തു പറയാൻ!

"ഞാൻ നിന്നോട് അന്നേ പറഞ്ഞതാ നല്ല കുടുംബങ്ങളിലുള്ള കുട്ടികളോടേ കൂട്ടുകൂടാൻ പാടുള്ളൂവെന്ന്. അപ്പൊ നീ സെലക്റ്റു ചെയ്തതോ ചെറ്റപ്പുരയിൽ താമസിക്കുന്ന....." ബാക്കിപറയാൻ അവൾ അനുവദിച്ചില്ല.

"അമ്മ ബാക്ക്ഗ്രൗണ്ടു നോക്കിയാണ് ഫ്രണ്ട്സിനെ തെരഞ്ഞെടുക്കുന്നതെങ്കിൽ ഞാൻ അനഘയുടെ സ്വഭാവമറിഞ്ഞാണ് അവളോടടുത്തത്...."

അനുപമ ചീറിക്കൊണ്ട് വാതിൽ ബോൾട്ടിട്ട ശേഷം വീണ്ടും ബെഡ്ഡിലേക്കു വീണു. അമ്മ വാതിലിൽ മുട്ടിയെങ്കിലും അവൾ വാതിൽ തുറന്നില്ല. അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു. അനഘ തന്നെ വിട്ടുപോയ ആ കറുത്ത ദിനം അവളുടെ മനസ്സിൽ തെളിഞ്ഞുവന്നു.

അന്നു ശനിയാഴ്ചയായിരുന്നതിനാൽ ക്ലാസ്സില്ലായിരുന്നു. സ്പെഷ്യൽ ട്യൂഷൻ കഴിഞ്ഞ് ചിരിച്ചു സംസാരിച്ച് മടങ്ങുകയായിരുന്നു അവർ. പ്രോജക്ടിനാവശ്യമായ ഫയൽപ്പേപ്പർ വാങ്ങാൻ റോഡുമുറിച്ചുകടന്ന് ഫാൻസികടയിയിലേക്കു കയറുമ്പോൾ അവൾ പുസ്തകം മാറത്തു ചേർത്തു പിടിച്ച് റോഡിന്റെ മറുവശത്തുതന്നെയാണു നിന്നത്. ഒരു പക്ഷേ ആ നിമിഷമാകാം അനഘയെ ചതിച്ചത്. പേപ്പറും വാങ്ങി തിരിയുമ്പോൾ അനഘ നിന്നിടത്ത് ആളുകൾ കൂടുന്നതാണു കണ്ടത്. പരിഭ്രാന്തിപൂണ്ട് അവൾ അവളെത്തിരഞ്ഞ് ആൾക്കൂട്ടത്തിലേക്കിടിച്ചുകയറി. ചോരയിൽപ്പൊതിഞ്ഞ കൂട്ടുകാരിയുടെ മുഖത്തേക്ക് അവൾക്ക് നോക്കാൻ കഴിഞ്ഞില്ല. മോഹാലസ്യപ്പെട്ട് അനഘയുടെ മേലേക്ക് വീണതുമാത്രമേ ഓർമ്മയിലുണ്ടായിരുന്നുള്ളൂ. ആശുപത്രിയിലെ മരവിച്ച കട്ടിലിൽ ബോധം തെളിയുമ്പോൾ അനു അമ്മയോട് ആദ്യം അന്വേഷിച്ചതും അനഘയെക്കുറഞ്ച്ചാണ്.

കുതിർന്ന തലയിണക്കു കനം കൂടി വന്നു, ഒപ്പം ചിന്തകൾക്കും... ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലേക്കു വരുമ്പോൾ അവളുടെ വീടിനടുത്ത് വാഹനം നിർത്താൻ അനുപമ നിർബ്ബന്ധം പിടിച്ചു. വിദൂരതയിലേക്കു കണ്ണുംനട്ട് അനഘയുടെ അമ്മ നിൽക്കുന്നു. അച്ഛൻ നേരത്തേ മരിച്ചുപോയിരുന്നു. അവരുടെ ഏകസന്താനമാണവൾ... ഓലക്കുടിലിന്റെ ഉമ്മറത്തിരുന്ന് അവൾ തന്നെ മാടിവിളിക്കുന്നതുപോലെ തോന്നി. അവളെക്കണ്ടതും ലക്ഷ്മിയമ്മ ഉറക്കെച്ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു.

"ചിഞ്ചു കുളിക്കാൻ പോയതാ... മോളൂ കേറിയിരിക്ക്, അമ്മ കാപ്പിയിടാം..." അവർ ക്ഷീണിച്ച സ്വരത്തിൽ പിന്നെയും പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

"ചിഞ്ചു മരിച്ചേപ്പിന്നെ ലക്ഷ്മിയമ്മക്കു ഭ്രാന്തിളകി. എപ്പഴും ഇങ്ങനാ... പാവം അവരുടെ വിധി..." അയൽക്കാരിയുടെ സംസാരത്തിൽ സഹതാപം നിഴലിച്ചിരുന്നു. അവളുടെ ഹൃദയത്തിൽ നിന്ന് ഒരു വിങ്ങൽ അറിയാതെ പുറപ്പെട്ടു.

കാറിൽ നിന്ന് അമ്മ അക്ഷമയോടെ വിളിക്കുന്നു. തിരിഞ്ഞുനടക്കുമ്പോൾ ലക്ഷ്മിയമ്മയുടെ കൈ അവളുടെ കൈപ്പത്തിയിലമർന്നു. " മോളേ പോവല്ലേ... അമ്മ അനഘയെ വിളിക്കാം... ചിഞ്ചൂ....." അവരുടെ പതുക്കെ നേർത്തുവന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് തൂണും ചാരി അവർ നിന്നപ്പോൾ അവൾ അതു കാണാനാകാതെ കണ്ണുകളടച്ചു. ഒന്നുമുരിയാടാതെ കാറിലേക്കു നടക്കുമ്പോൾ താഴെ വരിയിട്ട കുഞ്ഞനുറുമ്പുകൾക്കുമേൽ രണ്ടു നീർക്കുടങ്ങൾ അവളുടെ കണ്ണുകളിൽനിന്നും അടർന്നു വീണു. അവൾക്കുവേണ്ടിമാത്രം അവൾക്കേറ്റവും ഇഷ്ടപ്പെട്ട തേങ്ങാച്ചമ്മന്തി അവർ കൊടുത്തു വിടുമായിരുന്നല്ലോ. ദൈവം ഇത്ര ക്രൂരനാവുന്നത് എന്തിനാണ്... അവളുടെ കണ്ണുനീർ അപ്പോഴും തലയിണയെ തഴുകിക്കൊണ്ടിരുന്നു.

സെൽഫോണിൽ അച്ഛന്റെ മുഖം തെളിഞ്ഞുവന്നു. അറ്റൻഡുചെയ്തതും അച്ഛന്റെ പരിഭവം നിറഞ്ഞ വാക്കുകൾ പുറത്തേക്ക് തെറിച്ചുവന്നു. " എന്താ അനൂ, പ്രധാനപ്പെട്ട ഈ ദിനം നീ റൂമിൽ അടച്ചിരുന്ന് സത്യഗ്രഹമിരിക്കുകയാണോ? അങ്ങനെ ചെയ്താൻ നിന്റെ കൂട്ടുകാരിയെ നിനക്ക് തിരിച്ചു കിട്ടുമോ..? അച്ഛനു ലീവില്ലാഞ്ഞിട്ടല്ലേ... വീട്ടിൽ അതിഥികൾ വരുന്ന നേരം നീ അവരെ സ്വീകരിക്കാതെ ദേഷ്യപ്പെട്ടിരിക്കുന്നതു ശരിയാണോ? അവരെല്ലാം നിന്നെക്കാത്തിരിക്കുവാ.. വേഗം ഫ്രഷായി അവരുടെയ്അടുത്തു ചെല്ല്...."

"ഉം.. " അവൾ പതിയെ മൂളി.

സെൽഫോൺ ബെഡ്ഡിലേക്കിട്ട് അവൾ ബാത്ത്റൂമിന്റെ വാതിൽ തുറന്നു. അപ്പോഴും ചിന്തകൾ അനഘക്കൊപ്പമായിരുന്നു. കാലെടുത്തു വച്ചതും ഒരു നിലവിളിയോടെ അവൾ ബാത്ത്റൂമിൽ വഴുതി വീണു. നനഞ്ഞ മൊസേക്ക് തറയിൽ തലയിടിച്ച് രക്തം പരന്നൊഴുകി...

"അനൂ, വാതിൽ തുറക്ക്...." വാതിലിനുപുറത്ത് അമ്മ വിളിക്കുന്നതു കേട്ടു. പരിഭ്രമം കൊണ്ട് അവർ ഒച്ചവെച്ചു... വാതിൽ പൊളിച്ച് അകത്തുകടന്ന അവർ അകത്തെ കാഴ്ചകണ്ടു നിലവിളിച്ചു. അനുപമയുടെ ചോരയിൽ കുതിർന്ന മുഖം അവർ മടിയിൽവച്ചു പൊട്ടിക്കരഞ്ഞു.

"മോളേ അനൂ..."
"അന.. അനഘ..." അവൾ നേർത്തു ശബ്ദിച്ചു...
പിന്നെ ആ ചുണ്ടുകൾ നിശ്ചലമായി. മുഖം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.
"മോളേ..." ആ സത്യം തിരിച്ചറിഞ്ഞപ്പോൾ അവിടെ ആർത്തനാദമുയർന്നു... പക്ഷേ അപ്പോൾ അനുപമ തന്റെ ആത്മ സുഹൃത്തിന്റെയടുത്തേക്കുള്ള യാത്രയിലായിരുന്നു. ഒരിക്കലും മടങ്ങിവരാത്ത ആ യാത്രയിൽ...


----നീസ വെള്ളൂർ----

28 comments:

 1. എന്ത് എഴുതണം എന്ന് അറിയുന്നില്ലാല്ലോ ...:(
  അനഘയും ,അനുപമയും ഇപ്പൊ നിസാമോളും ഒരിക്കലും മടങ്ങിവരാത്ത യാത്രയില്‍ ...:(

  ReplyDelete
 2. Vayyikkan Aval illallo.......

  ReplyDelete
 3. കാണാലോകത്തെത്തിയെങ്കിലും കൂട്ടുകാരി അനിയത്തിയുടെ കുത്തിക്കുറിക്കലുകൾ ബ്ലോഗായി മുന്നിൽ...
  നിസയുടെ ഓർമകൾക്കായി ഇവ എന്നും നിലനിൽക്കട്ടെ..!!
  പോയ്മറഞ്ഞ ആത്മാവിലെ ജീവൻ തുടിപ്പികളായി ഇനിയും നിസയുടെ ഡയറിക്കുറിപ്പുകൾ ഇവ്വിതം വെളിച്ചം കാണട്ടെ

  ReplyDelete
 4. ഒരിക്കലും മടങ്ങിവരാത്ത ആ യാത്രയിൽ...

  ReplyDelete
 5. ഒന്നും എഴുതാന്‍ പറ്റുന്നില്ല.

  ReplyDelete
 6. ആത്മബദ്ധങ്ങളുടെ തീവൃതയിലേക്ക് എഴുതിപോയ വരികൾ

  ReplyDelete
 7. ഈ കമന്റ് ബോക്സ് കാണുന്നവര്‍ ഒരു നിമിഷത്തേക്കെങ്കിലും ആ കൊച്ചു കൂട്ടുകാരിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇന്നും തുഞ്ചം പറമ്പില്‍ വെച്ചു കണ്ട ആമുഖം തെളിഞ്ഞു വരുന്നു, ആ ചിരിയും......

  ReplyDelete
 8. ഒന്നും എഴുതാന്‍ പറ്റുന്നില്ല.

  ReplyDelete
 9. കണ്ണ്- നനയുന്നു. നെഞ്ചില്‍ എന്തോ ഭാരം തോന്നുന്നതുപോലെ.

  ReplyDelete
 10. നല്ല കഥ ....വിഷമിപ്പിച്ചു

  ReplyDelete
 11. thiruchuvaravillatha aa ythrayil god avale thunakkatte.avlkku vendi prarthikkuka

  ReplyDelete
 12. ഒരു നെടുവീര്‍പ്പ് മാത്രം.....

  ReplyDelete
 13. ഒന്നും പറയാനില്ല .. പ്രാര്‍ത്ഥന മാത്രം

  ReplyDelete
 14. നീസമോളുടെ സര്‍ഗ്ഗസൃഷ്ടികള്‍ വെളിച്ചം കാണട്ടെ.
  ഇതിന്റെ പിന്നില്‍ ആരായാലും അഭിനന്ദനമര്‍ഹിക്കുന്നു.
  (കമന്റ്ബോക്സ് തുറന്നു തന്നെയിരിക്കട്ടെ)

  ReplyDelete
 15. നിസാ നിന്റെ അവസാന പോസ്റ്റില്‍ ആദ്യം ഞാന്‍ എഴുതിയതുപോലെ തന്നെ ഇപ്പോഴും എഴുതുന്നു... നീ ഇതും കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു..

  "നന്നായിട്ടുണ്ട് നിസാ...ആശംസകള്‍"

  ReplyDelete
 16. മ്..
  ഞാനുമുണ്ട് വായിക്കാനായ്, കമന്റ് ബോക്സ് തുറന്നേയിരിക്കട്ടെ..

  ReplyDelete
 17. നന്നായി ഈ സം‍രംഭം ... നിസമോളെ പെട്ടെന്നാരും മറക്കില്ലല്ലോ.. കണ്ണു നിറയ്ക്കുന്നു മോളേ നിന്‍റെയെഴുത്തും, നിന്‍റെ ഓര്‍മ്മകളും ......

  ReplyDelete
 18. ഒരു നിശ്ചയമില്ലയൊന്നിനും
  വരുമോരോ ദശ വന്നപോലെ പോം
  വിരയുന്നു മനുഷ്യനേതിനോ
  തിരിയാ ലോകരഹസ്യമാര്‍ക്കുമേ.
  -മഹാകവി കുമാരനാശാന്‍ (ചിന്താവിഷ്ടയായ സീത)

  ReplyDelete
 19. ഒരിക്കലും മടങ്ങിവരാത്ത യാത്രയിൽ ഒരാൾ കൂടി...

  ReplyDelete
 20. കണ്ണ്- നനയുന്നു.

  ReplyDelete
 21. വായിച്ചു. പിന്നെന്താ പറയാ ...അറീല്ല.

  ReplyDelete
 22. കുറിച്ചിട്ടുപോയ അക്ഷരങ്ങളിലൂടെ നീസയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇവിടെ നിറയട്ടെ..!

  ReplyDelete
 23. കമന്റ് ബൊക്സിൽ എന്തെഴുതണമെന്ന് അറിയില്ല..ഓർമകൾ ഇപ്പോഴും ബാക്കിയാക്കി...!!

  ReplyDelete
 24. ഒന്നും പറയാന്‍ കഴിഞ്ഞില്ല .. പ്രാര്‍ത്ഥന മാത്രം

  ReplyDelete
 25. കമന്റ് ബോക്സ്‌ തുറന്നു തന്നെ ഇരിക്കട്ടെ. ആ കൊച്ചു മിടുക്കിയുടെ ഇത്ര നല്ല എഴുത്തിനെ ആളുകള്‍ അറിയുന്നത് എങ്ങിനെ എന്നെങ്കിലും അറിയട്ടെ.

  ReplyDelete

ഈ കമന്റുബോക്സിലെ കുറിപ്പുകൾ കാണാനും മറുപടികുറിക്കാനും നീസ നമ്മോടൊപ്പമില്ല. അതുകൊണ്ടുതന്നെ വായനക്കാർ എങ്ങനെ അഭിപ്രായം എഴുതുമെന്ന് അറിയില്ല... കമന്റുബോക്സ് തുറന്നുതന്നെ ഇരിക്കട്ടെ അല്ലേ...?